ലോകസഭയിലേക്കുള്ള നാലാം ഘട്ട തെരെഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലും നാലാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജില്‍ ഈ ഘട്ടത്തിലാണ് തിരെഞ്ഞെടുപ്പ്. യൂസഫ് പഠാന്‍,മഹുവ മോയ്ത്ര തുടങ്ങിയവരും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഇന്നലെ പരസ്യപ്രചാരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കും.
ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതോടെ ലോകസഭാ പ്രചാരണങ്ങളില്‍ ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. ഡല്‍ഹിയിലടക്കം ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ഥികള്‍ക്കായി കേജ്രിവാള്‍ പ്രചാരണം തുടരും. മോദിയെ കടന്നാക്രമിച്ചുകൊണ്ടാണ് ഇത്തവണ കേജ്രിവാളിന്റെ പ്രചാരണം. ബിജെപിയില്‍ 75 വയസുകഴിഞ്ഞവര്‍ വിരമിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്‍ പ്രസ്താവനകളടക്കം പ്രചാരണായുധമാക്കി മാറ്റിയിട്ടുണ്ട് ആം ആദ്മി പാര്‍ട്ടി. അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടിയുള്ള കളികളാണ് മോദി നടത്തുന്നതെന്ന വാദവും ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്നുണ്ട്.