പാലം തകർന്ന് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മൃതദേഹങ്ങൾ കിട്ടിയത് കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
പാലം തകര്‍ന്നു വീണ് കാണാതായ 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
മുംബൈ- ഗോവ ദേശീയപാതയിലുള്ള മഹാരാഷ്ട്ര പട്ടണമായ മഹാഡിലെ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകർന്ന് കാണാതായവരിൽ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലു സ്ത്രീകൾ ഉൾപ്പെടുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് അപകട സ്ഥലത്തു നിന്നും കിലോമീറ്ററുകൾ അകലെ നിന്നാണ്. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
18 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേരയും കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയെ കൂടാതെ മൂന്നോളം മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു. ബാക്കിയുള്ളവര്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. 300 കിലോഗ്രാം ഭാരമുള്ള കാന്തത്തിന്റെ സഹായത്തോടെയാണ് വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു. കൊങ്കണ്‍ മേഖലയിലെ പാലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളടക്കം വന്‍ജനാവലി സ്ഥലത്ത് ഇപ്പോഴും തടിച്ചു കൂടിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് സാവിത്രി നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായത്. രണ്ട് സമാന്തരപാലങ്ങളില്‍ ഒന്നാണ് തകര്‍ന്നു വീണത്. ഇത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പണിത പാലമാണ്.