റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി വനിതാ ഉദ്യോഗാര്‍ഥികളുടെ നെഞ്ച് അളക്കുന്നതിനെ അപലപിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ശാരീരിക പരിശോധനയില്‍ ശ്വാസകോശ ശേഷി അളക്കുന്നതിനായി നെഞ്ച് അളക്കുന്ന രീതി ഏകപക്ഷീയവും അതിരുകടന്നതുമായ നടപടിയാണെന്നും ഇത് വനിതാ ഉദ്യോഗാര്‍ഥികളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലേക്കുള്ള ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് വിജയിച്ചിട്ടും നെഞ്ച് അളക്കുന്ന പക്രിയയില്‍ 3 ഉദ്യോഗാര്‍ഥികള്‍ പുറത്താക്കപ്പെട്ട നടപടിയെ ചോദ്യം ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. നെഞ്ച് അളക്കുന്നതിന് ബദലായി മറ്റൊരു മാര്‍ഗം കണ്ടെത്തണമെന്നും ഇതിനായി വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കണമെന്നും കോടതി അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.