Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരുടെയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാൻ, എല്ലാവരുടെയും രക്തം വീണ മണ്ണാണിത്; പാര്‍ലമെന്റില്‍ ബിജെപിയെ പൊളിച്ചടുക്കി തൃണമൂൽ നേതാവ്

ആരുടെയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാൻ, എല്ലാവരുടെയും രക്തം വീണ മണ്ണാണിത്; പാര്‍ലമെന്റില്‍ ബിജെപിയെ പൊളിച്ചടുക്കി തൃണമൂൽ നേതാവ്
, ബുധന്‍, 26 ജൂണ്‍ 2019 (12:35 IST)
ലോക്‌സഭയില്‍ ബിജെപിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ മഹുവാ മൈത്ര. പാര്‍ലമെന്റില്‍ മഹുവാ മൈത്രയുടെ കന്നി പ്രസംഗത്തിൽ ഞെട്ടി സംഘപരിവാർ. ഇന്ത്യ ആരുടെയും അച്ഛന്റെ സ്വകാര്യ സ്വത്തല്ല എന്ന് കൂടി ഉള്‍ച്ചേര്‍ത്തിയായിരുന്നു പ്രസംഗം.  
 
പാര്‍ലിമെന്റില്‍ മഹുവ നടത്തിയ കന്നിപ്രസംഗന്റെ പ്രസക്ത ഭാഗം
 
നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാര്‍ലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണം. ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്. ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കണം.. പക്ഷേ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങള്‍ രാജ്യത്തെ കൊണ്ട് പോകുന്നത്.. 
 
അര നൂറ്റാണ്ടിലധികമായി ഇന്ത്യയില്‍ ജീവിക്കുന്ന ജനങ്ങളോട് പൗരത്വം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കാന്‍ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങള്‍. ആ നിങ്ങളാണ് അവരോട് പൌരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിക്കുന്നത്. 
 
2014 മുതല്‍ 2019 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ രാജ്യം കണ്ട കൊലപാതകങ്ങള്‍ നിങ്ങള്‍ പാകിയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണ്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട പെഹ്‌ലുഖാന്‍ മുതല്‍ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അന്‍സാരി വരെയുള്ള മനുഷ്യരെ ഓര്‍ക്കണം. ആ ലിസ്റ്റ് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ മാധ്യമങ്ങളെ മുഴുവന്‍ നിങ്ങള്‍ വിലക്കെടുത്തിരിക്കുന്നു. ഫാക്റ്റുകളും ഫിഗറുകളുമല്ല, വ്യാജ വാര്‍ത്തകളും പ്രോപഗണ്ടകളും കൊണ്ട് നിറഞ്ഞിരിക്കുന്നു അവ. പ്രതിഷേധത്തിന്റെ ശബ്ദങ്ങളെ നിങ്ങള്‍ വിലക്കെടുത്ത മാധ്യമങ്ങള്‍ നിര്‍ലജ്ജം തമസ്‌കരിക്കുന്നു.
 
കര്‍ഷകരുടെ പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാര്‍ത്തകളും വാട്‌സാപ്പ് ഫേക്കുകളും കൊണ്ടാണ് നിങ്ങള്‍ തെരഞ്ഞെടുപ്പ് ജയിച്ചത്. ഭീകരാക്രമണങ്ങളും സൈനികരുടെ മരണങ്ങളും കൂടിക്കൂടി വന്നപ്പോഴും രാജ്യത്തിന്റെ സൈനിക നേട്ടങ്ങളെ ഒരു വ്യക്തിയിലേക്ക് നിങ്ങള്‍ കേന്ദ്രീകരിപ്പിച്ചു. ഈ രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമോ അതോ അതിന്റെ ശവമടക്കിന് കാര്‍മികത്വം വഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ .. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..
 
(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങള്‍ ഈ മണ്ണിലുണ്ട്, ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാന്‍).
 
ഇതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി അംഗങ്ങളെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാന്‍ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്‌നേഹം കാണിക്കാന്‍ വേണ്ടിയല്ലെന്നും അവര്‍ തിരിച്ചടിച്ചു. കുടുംബവാഴ്ചയുടെ പേരിലാണ് കോണ്‍ഗ്രസിനെ ബി.ജെ.പി ആക്രമിക്കുന്നത്. കോണ്‍ഗ്രസ് അത്തരത്തിലുള്ള 36 പേര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയപ്പോള്‍ ബി.ജെ.പി 31 പേര്‍ക്കു നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
 
‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..’ (എല്ലാ വിഭാഗം ജനങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.. ആരുടേയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാന്‍) എന്ന കവിത ചൊല്ലിയാണ് പത്തുമിനിറ്റ് നീണ്ട തന്റെ പ്രസംഗം അവര്‍ അവസാനിപ്പിച്ചത്. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നാണ് മഹുവ ലോക്‌സഭയിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആനയുടെ' അടിയിലൂടെ കടക്കാന്‍ ശ്രമം, കുടുങ്ങി; വീഡിയോ