പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം
ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.
പാക് വ്യോമ പാതയിലെ വിലക്ക് സാഹചര്യത്തില്‍ വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്. വഴിമാറി പോകുന്നതിനാല്‍ വിമാനയാത്രയിലെ സമയ ദൈര്‍ഘ്യവും വഴിയില്‍ സാങ്കേതിക കാര്യങ്ങള്‍ക്കായി ഏതൊക്കെ വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കേണ്ടി വരുമെന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി യാത്രക്കാരെ അറിയിക്കണം എന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.
മെഡിക്കല്‍ കിറ്റുകള്‍ ആവശ്യത്തിന് കരുതണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. വ്യോമ പാത അടച്ച സാഹചര്യത്തില്‍ റൂട്ട് മാറ്റുമ്പോള്‍ അധികം ഇന്ധന ചെലവിന്റെ പേരില്‍ അന്താരാഷ്ട്ര യാത്രയില്‍ ടിക്കറ്റ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ നിന്ന് ഇത്തരം ഒരു നടപടി വരുന്നത്.
പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തം നിരന്തരമായ കുറ്റപ്പെടുത്തല്‍ കളികളുടെ മറ്റൊരു ഉദാഹരണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഉത്തരവാദിത്വമുള്ള ഒരു രാജ്യം എന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏതൊരു അന്വേഷണത്തിനും സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഉന്നയിക്കുന്നത് വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ്. സിന്ധു നദി ജല ഉടമ്പടി പ്രകാരം പാക്കിസ്ഥാന് അവകാശപ്പെട്ട ജലം തടയാനോ കുറയ്ക്കാനോ വഴി തിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂര്‍ണമായ ശക്തിയോടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.