'ഇന്ന് ജനാധിപത്യത്തിലെ സുപ്രധാന ദിന'മെന്ന് പ്രധാനമന്ത്രി; അവിശ്വാസ പ്രമേയത്തെ നേരിടാനൊരുങ്ങി മോദി സർക്കാർ
'ഇന്ന് ജനാധിപത്യത്തിലെ സുപ്രധാന ദിന'മെന്ന് പ്രധാനമന്ത്രി; അവിശ്വാസ പ്രമേയത്തെ നേരിടാനൊരുങ്ങി മോദി സർക്കാർ
പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം ഇന്ന് ലോകസഭാ ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ പ്രധാനമന്ത്രി ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പ് വൈറലാകുകയാണ്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇന്ന് ഒരു സുപ്രധാന ദിനമാണ്. സഭയില്‍ എംപിമാര്‍ ക്രിയാത്മകവും സമഗ്രവും സ്വതന്ത്രവുമായ ചര്‍ച്ച തടസ്സം കൂടാതെ നടത്തുമെന്ന് താന്‍ വിശ്വസിക്കുന്നു. ഇതിനായി നമ്മള്‍ ജനങ്ങളോടും ഭരണഘടന നിര്‍മ്മിച്ചവരോടും കടപ്പെട്ടിരിക്കുന്നു. രാജ്യം നമ്മളെ സൂക്ഷ്‌മമായി വീക്ഷിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ഇന്ന്, 15 വര്‍ഷത്തിനു ശേഷമാണ് അവിശ്വാസപ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 2003ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരായിരുന്നു അവിശ്വാസ പ്രമേയം നേരിട്ടത്. അന്ന് സോണിയ ഗാന്ധിയായിരുന്നു പ്രതിപക്ഷ നേതാവ്.
‘അവിശ്വാസപ്രമേയത്തെ എൻഡിഎ ഒറ്റക്കെട്ടായി നേരിടും. പ്രതിപക്ഷം നൂറുശതമാനം തോല്‍വി ഏറ്റുവാങ്ങുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എൻഡിഎയ്ക്ക് പുറത്തുള്ള കക്ഷികള്‍പ്പോലും നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നത് സഭയില്‍ നിങ്ങള്‍ക്ക് കാണാനാകും.’- കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
തെലുങ്ക് ദേശം പാര്‍ട്ടി നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്ത് നിന്നും 50 അംഗങ്ങളാണ് പിന്തുണച്ചത്. ഇതേത്തുടര്‍ന്ന് ഇന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.