പുൽവാമ രാഷ്ട്രീയവത്‌കരിക്കുന്നവരെ രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ നർമ്മദ നദീതീരത്തുള്ള പട്ടേൽ പ്രതിമയി പുഷ്‌പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മു കശ്‌മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സർദാർ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു. സുപ്രീം കോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നു.ഭീകരരെ നേരിടുന്നതിനിടയിൽ ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ നഷ്ടമായി. അത് രാജ്യം ഒരിക്കലും മറക്കില്ല. അതിർത്തിയിലെ ഏത് വെല്ലിവിളിയേയും നേരിടാൻ രാജ്യം സജ്ജമാണ്. അതേസമയം ചിലർ പുൽവാമ ആക്രമണത്തിൽ ഉൾപ്പടെ രാഷ്ട്രീയം കളിക്കുന്നു. ഇവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്നും കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമങ്ങളെന്നും ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മോദി പറഞ്ഞു.