Webdunia - Bharat's app for daily news and videos

Install App

അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം, നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും? - വേദനയോടെ മോഹൻലാൽ

Webdunia
വെള്ളി, 22 ഫെബ്രുവരി 2019 (10:13 IST)
ജമ്മു കശ്മീരിയലിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെയും കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തെയും അപലപിച്ച് മോഹന്‍ലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്.
 
ബ്ലോഗിന്റെ പൂര്‍ണ്ണരൂപം:
 
അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു…. നാം ജീവിക്കുന്നു
 
കുറച്ച് കാലമായി എഴുതിയിട്ട്…. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ…. എന്തിന്. ആരോട് പറയാന്‍! ആര് കേള്‍ക്കാന്‍. ഇപ്പോള്‍ എഴുതണം എന്ന് തോന്നി….. അതിനാല്‍ ഒരു കുറിപ്പ്…
 
വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി…. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളില്‍ വെള്ള പുതുച്ചുകിടന്നു. തീഗോളമായി ചിതറും മുമ്പ് അവര്‍ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്…..
 
ആരോടൊക്കെയോ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു….വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു. കശ്മീരിന്റെ തണുപ്പിനെ നേരിടാന്‍ അവര്‍ക്ക്, ആ ജവാന്മാര്‍ക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്‌നേഹച്ചൂട് മതിയായിരുന്നു….
 
ആ ചൂടില്‍, അവര്‍ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തില്‍ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തില്‍…. തണുത്ത നിലങ്ങളില്‍ അവര്‍ ചിതറി…. ഭൂമി വിറച്ചു: പര്‍വതങ്ങള്‍ ഉലഞ്ഞു. തടാകങ്ങള്‍ നിശ്ചലമായി…… ദേവദാരുക്കള്‍ പോലും കണ്ണടച്ച് കൈകൂപ്പി…. പിന്നീടവര്‍ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തില്‍ മുങ്ങി. ആ വിടുകളില്‍ സൂര്യന്‍ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ………..
 
ആ വീരജവാന്മാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്…..അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ട്.
 
ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാര്‍ ജോലി ചെയ്യുന്നത്, മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.
 
ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം……. ഞങ്ങള്‍ക്കറിയാം….. നിങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നു. നിസാര കാര്യങ്ങള്‍ക്ക് കലഹിച്ചുകൊണ്ട്, നിരര്‍ത്ഥക മോഹങ്ങളില്‍ മുഴുകിക്കൊണ്ട്…………..
 
രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാര്‍ കൊല്ലപ്പെടുമ്പോള്‍, നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ…. ജവാന്മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു.
 
അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം….നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും. അവരെ ഒറ്റപ്പെടുത്തു…. തള്ളിക്കളയുക…. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക…..മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടെ.
 
അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളില്‍ നിറയാതിരിക്കട്ടെ.അതെ…. അവര്‍ മരിച്ചുകൊണ്ടേരിയിക്കുന്നു…. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ ചോദിക്കുന്നു……. മാപ്പ്….. മാപ്പ്. ലജ്ജയോടെ, തകര്‍ന്ന ഹൃദയത്തോടെ, ഞങ്ങള്‍ ജീവിതം തുടരട്ടെ….
 
സ്‌നേഹപൂര്‍വം, മോഹന്‍ലാല്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments