Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊന്നിട്ടും കലിപ്പ് തീരുന്നില്ല; അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

കുടുംബത്തിലെ ഏഴു പേർക്കെതിരേ കേസെടുക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്

കൊന്നിട്ടും കലിപ്പ് തീരുന്നില്ല; അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
ന്യൂഡൽഹി , വ്യാഴം, 14 ജൂലൈ 2016 (18:56 IST)
ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം വീട്ടില്‍ കയറി  കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. കുടുംബത്തിലെ ഏഴു പേർക്കെതിരേ കേസെടുക്കാനാണു ഗ്രേറ്റർ നോയിഡയിലെ കോടതി നിർദേശിച്ചിരിക്കുന്നത്. ഗ്രാമത്തിലെ അഖ്ലാഖിന്റെ അയല്‍ക്കാരന്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.

ഉത്തർപ്രദേശിൽ ഗോവധം നിരോധിച്ചിരിക്കുന്നതിനാൽ വിവിധ വകുപ്പുകൾ ചുമത്തി കുടുംബത്തിലെ ഏഴു പേർക്കെതിരേ കേസെടുക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്. അഖ്ലാഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരാണു കോടതിയെ സമീപിച്ചത്.

അഖ്ലാഖിന്റെ കുടുംബം ഒരു പശുക്കുട്ടിയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടതായും അതിനു മുമ്പ് ഈ പശുക്കുട്ടിയെ അഖ്ലാഖും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

അഖ്ലാഖിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്ത ഇറച്ചി പശുവിന്റേതാണെന്ന മഥുര ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു പ്രതികൾ കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തിൽ പിടിച്ചെടുത്തത് ആട്ടിറച്ചിയാണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. തുടര്‍ന്നാണ് സമീപവാസി കോടതിയെ സമീപിച്ചത്.

ഉത്തർ പ്രദേശിൽ പശു ഇറച്ചി​ കഴിക്കുന്നത്​ കുറ്റകരമല്ലെങ്കിലും ഗോവധം ഏഴു വർഷം വരെ തടവ്​ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്​. കഴിഞ്ഞവർഷം സെപ്റ്റംബറിലാണു വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചെന്നും ഉപയോഗിച്ചെന്നും ആരോപിച്ച് 52കാരനായ അഖ്ലാഖിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക‍് ഇനിമുതല്‍ പെർമിറ്റ് നല്‍കില്ല: ടോമിൻ ജെ തച്ചങ്കരി