തമിഴ്നാട്ടിൽ വീണ്ടും ജാതിക്കൊല; ഡിവൈഎഫ്‌ഐ നേതാവിനെ ഉയർന്ന ജാതിക്കാർ വെട്ടിക്കൊന്നു
എസ് സി വിഭാഗത്തില്‍ പെട്ടവര്‍ സഞ്ചരിക്കുമ്പോള്‍ തേവര്‍ സമുദായത്തില്‍ പെട്ടവര്‍ ജാതിവെറിയുടെ പേരില്‍ ഇവരെ ഉപദ്രവിക്കുക പതിവായിരുന്നു.
തമിഴ്‌നാട്ടില്‍ വീണ്ടും ജാതിയുടെ പേരില്‍ കൊലപാതകം. തിരുനെല്‍വേലി തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് പള്ളര്‍ ജാതിയില്‍പ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് അശോകിനെയാണ് തേവര്‍ സമുദായാംഗങ്ങള്‍ വെട്ടി കൊലപ്പെടുത്തിയത്.
എസ് സി വിഭാഗത്തില്‍ പെട്ടവര്‍ സഞ്ചരിക്കുമ്പോള്‍ തേവര്‍ സമുദായത്തില്‍ പെട്ടവര്‍ ജാതിവെറിയുടെ പേരില്‍ ഇവരെ ഉപദ്രവിക്കുക പതിവായിരുന്നു. ഇതിനെ ശക്തമായി ചോദ്യം ചെയ്തതാണ് അശോകിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതികള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അശോകിന്റെ ബന്ധുക്കള്‍ മധുര ദേശീയപാത ഉപരോധിച്ചു.
രണ്ടാഴ്ച മുന്‍പ് അശോകിന്റെ മാതാവ്, പുല്ലു ചെത്തി അശോകിനൊപ്പം ബൈക്കില്‍ കൊണ്ടുവരുന്നതിനിടയിൽ, പുല്ലുക്കെട്ട് യുവാക്കളുടെ ദേഹത്ത് തട്ടി. ക്ഷുഭിതരായ യുവാക്കള്‍ അശോകിനെയും മാതാവിനെയും വഴിയില്‍ തടഞ്ഞുവച്ച് കയര്‍ത്തു.
പട്ടികജാതി പട്ടികവര്‍ഗ ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുനെല്‍വേലി പൊലീസില്‍ അശോക് പരാതി നല്‍കിയിലെങ്കിലും നിസാരവകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിന് ഇടയിലാണ് അശോകിനെ റെയില്‍വേട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി പ്രതിഷേധം സംഘടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട അശോക്.