ഏക സിവില്‍കോഡിനെതിരെ പരാതിയുമായി ഒരു മുസ്ലിം സംഘടന സമീപിക്കുന്നത് ആദ്യമായി; ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ മുസ്ലിം സമുദായത്തിനുള്ള എതിര്‍പ്പ് പരിഗണിക്കുമെന്നും പ്രധാനമന്ത്രി
ഏകസിവില്‍ കോഡ്: പ്രധാനമന്ത്രിയുമായി മുസ്ലിം നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഏക സിവില്‍ കോഡിനെതിരെ ആദ്യമായാണ് പരാതിയുമായി ഒരു മുസ്ലിം സംഘടന തന്നെ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ മുസ്ലിം സമുദായത്തിനുള്ള എതിര്‍പ്പ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള മുസ്ലിം നേതാക്കളും എം പിമാരും പ്രധാനമന്ത്രിയെ കണ്ടിരുന്നു. പരിഗണിക്കാമെന്ന് ഉറപ്പു നല്കിയ പ്രധാനമന്ത്രി ഇത് ആദ്യമായാണ് ഇത്തരത്തിലൊരു പരാതി തനിക്ക് ലഭിക്കുന്നതെന്നും വ്യക്തമാക്കി.
ഏക സിവില്‍കോഡിനെതിരെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ നിവേദനവുമായി ഒരു മുസ്ലിം സംഘടന തന്നെ സമീപിക്കുന്നത് ആദ്യമാണ്. മുസ്ലിം സമുദായത്തിന്റെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു.
1937ലെ ഇന്ത്യന്‍ ശരീഅത്ത് അപ്ളിക്കേഷന്‍ ആക്റ്റ് വന്നതില്‍പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായം അനുഭവിക്കുന്ന വിശ്വാസപരമായ സുരക്ഷിതത്വം ഏകസിവില്‍കോഡ് ഇല്ലാതാക്കുമെന്ന് സംഘം ചൂണ്ടിക്കാട്ടി. ഏക സിവില്‍കോഡ് ഒഴിവാക്കി മൗലികാവകാശങ്ങളും മതസൗഹാര്‍ദവും സംരക്ഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.