പ്രധാനമന്ത്രിയുടെ നാട്ടുകാർ പറയുന്നു, 'അതേ ഇതുതന്നെയാണ് ശരി'; ഈ വിജയം അതിന്റെ ലക്ഷണമോ?
നോട്ട് നിരോധനം ശരിയെന്ന് ഗുജറാത്ത് ജനത!
നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണയ്ക്കുന്നവരാണ് ഗുജറാത്തിലുള്ളവർ എന്ന് വ്യക്തം. തദ്ദേശ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വിജയം തന്നെ ഇതിനുദാഹരണം. നോട്ട് അസാധുവാക്കൽ മൂലം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ കുറഞ്ഞ് വരുന്നുണ്ടെങ്കിലും സർക്കാരിന്റെ നടപടിയെ വിമർശിക്കുന്നവരാണ് രാജ്യത്ത് കൂടുതലും.
എന്നാൽ, ഗുജറാത്തിലെ 16 ജില്ലകളിലെ മുനിസിപ്പാലിറ്റി – ജില്ലാ പഞ്ചായത്തുകളിലെ 126 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 109 സീറ്റുകൾ ബി ജെ പി നേടി. വെറും 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ 3705 സീറ്റുകളിലക്ക് നടന്ന തെരഞ്ഞെടുപ്പിൽ 851ഉം ബി ജെ പി നേടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന നടപടിയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ പറഞ്ഞു.
പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കുണ്ടായ നേട്ടം ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ ഇടക്കാല തെരഞ്ഞെടുപ്പുകളും ഉപതരഞ്ഞെടുപ്പുകളും ഉള്‍പ്പെടും.