ദേശീയ ഗാനത്തോടും പതാകയോടുമുള്ള ആദരവ് കുറയുന്നു, സുപ്രിംകോടതി ഇടപെട്ടു; തീയേറ്ററിൽ ആദ്യം പ്രദരിപ്പിക്കേണ്ടത് ഇന്ത്യൻ ദേശീയ പതാക
തീയേറ്ററിൽ സിനിമ തുടങ്ങും മുമ്പ് ദേശീയ ഗാനം കേൾപ്പിക്കും, എല്ലാവരും എഴുന്നേറ്റ് നിൽക്കണം; ഉത്തരവിറങ്ങി
രാജ്യത്തെ സിനിമ തീയേറ്ററുകളിൽ ഇനി മുതൽ ദേശീയ ഗാനം കേൾപ്പിക്കുകയും സ്ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. സിനിമ പ്രദർശിപ്പിക്കുന്നതിന് മുൻപ് ആദ്യം സ്ക്രീനിൽ തെളിയേണ്ടത് ദേശീയ പതാകയാകണമെന്ന് കോടതി വ്യക്തമാക്കി. അതോടൊപ്പം ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ തീയേറ്ററിൽ ഉള്ളവർ ആദരവെന്നോണം എഴുന്നേറ്റ് നിൽക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെയൊരു ഉത്തരവിട്ടിരിക്കുന്നത്. ദേശീയ ഗാനത്തോടും ദേശീയ പതാകയോടും അനാദരവ് കാണിക്കുന്നുണ്ടെന്നും രാജ്യസ്നേഹം വർധിപ്പിക്കാനുമാണ് ഇതെന്നും അഭിഭാഷകർ പറയുന്നു.
ചില സംസ്ഥാനത്തുള്ള തീയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം കേൾപ്പിക്കാറുണ്ട്. ഇത് എല്ലാ സംസ്ഥാനത്തും വ്യാപകമാക്കാനാണ് കോടതി പുതിയ ഉത്തരവിറക്കിയത്. ദേശീയ ഗാനത്തേയും ദേശീയ പതാകയേയും ജനങ്ങൾ ബഹുമാനിക്കണമെന്ന് കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്തതും അതേചൊല്ലി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നതും നേരത്തെ ചർച്ചകൾ സജീവമായിരുന്നു.