യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങളെ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെ പറ്റി ചില വ്യക്തികള്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്നും സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവിയാണ് ആദ്യം വ്യക്തമാക്കിയത്. കഴിഞ്ഞ 14നാണ് വധശിക്ധ മരവിപ്പിച്ചതായി വിവരം ലഭിക്കുന്നത്. അതിന് ശേഷം വധശിക്ഷ ഒഴിവാക്കാനായുള്ള ചര്‍ച്ചകള്‍ നിരന്തരമായി നടന്ന് വരികയാണ്. ഈ ചര്‍ച്ചകളുടെ ഫലമായി വധശിക്ഷ റദ്ദാക്കാന്‍ തീരുമാനമായതായി ഇന്നലെ കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കാന്തപുരത്തിനോട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു.