നിർഭയ കേസ്; ‘വിധവയായി ജീവിക്കണ്ട, വിവാഹമോചനം വേണം‘ - പ്രതിയുടെ ഭാര്യ കോടതിയിൽ

ചിപ്പി പീലിപ്പോസ്

ബുധന്‍, 18 മാര്‍ച്ച് 2020 (14:52 IST)
നിർഭയ കേസ് പ്രതികളെ വെള്ളിയാഴ്ച തൂക്കിലേറ്റുമെന്നിരിക്കെ പ്രതികളിൽ ഒരാളുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ. പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത സിങ് ആണ് ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ബിഹാർ ഔറംഗബാദിലെ പ്രാദേശിക കോടതിയിൽ അപേക്ഷ നൽകിയത്. 
 
ഭർത്താവിനെ മാർച്ച് 20 ന് തൂക്കിലേറ്റാൻ മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതിനാൽ വിധവയായി ജീവിക്കാൻ താൽപ്പര്യമില്ലെന്നാണ് പുനിത അപേക്ഷയിൽ പറയുന്നത്. ഭർത്താവ് നിരപരാധിയാണെന്നും അദ്ദേഹത്തിൽ നിന്നും നിയമപരമായ വിവാഹമോചനം വേണമെന്നുമാണ് പുനിത അപേക്ഷയിൽ പറയുന്നത്. 
 
പുനിത സിങ്ങിന് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകനും അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ജയിൽ അധികൃതർ. ഇതിന്റെ മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഈ വരുന്ന വെള്ളിയാഴ്ച രാവിലെയാണ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്. 
 
തങ്ങളുടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. ഇയാള്‍ വിചാരണ കോടതിയായ ദില്ലി പാട്യാല ഹൗസ് കോടതിയിലും അഡീഷനൽ സെഷൻസ് കോടതിയിലും സമർപ്പിച്ച ഹർജികളാണ് തള്ളിയത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. എന്നിരുന്നാലും, എല്ലാ ഔപചാരിക നടപടികളും പൂർത്തിയായതിനാൽ വധശിക്ഷ വൈകില്ലെന്നാണ് നിയമ വിദഗ്ധർ കരുതുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആറുമണി വരെ പ്രവർത്തിക്കും, അവധിയിലുള്ള ഡോക്ടർമാർ ഉടൻ ജോലിയിൽ പ്രവേശിക്കണം എന്ന് ആരോഗ്യമന്ത്രി