മലക്കം മറിഞ്ഞ് കേന്ദ്രം; പാലക്കാട് പുതിയ കോച്ച് ഫാക്‍ടറി ആവശ്യമില്ലെന്ന് റെയിൽവേ മന്ത്രാലയം
മലക്കം മറിഞ്ഞ് കേന്ദ്രം; പാലക്കാട് പുതിയ കോച്ച് ഫാക്‍ടറി ആവശ്യമില്ലെന്ന് റെയിൽവേ മന്ത്രാലയം
പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ കോച്ച് ഫാക്ടറികൾ ആവശ്യമായ കോച്ചുകൾ നിർമ്മിക്കാൻ പര്യാപ്തം ആണെന്നും പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യം ഇല്ലെന്നും റെയിൽവേ മന്ത്രാലയം ലോക്‍സഭയില്‍ വ്യക്തമാക്കി.
എംപിമാരായ എംബി രാജേഷും എ സമ്പത്തും രേഖാമൂലം നൽകിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. റെയിൽവേ സഹമന്ത്രിയാണ് ചോദ്യത്തിന് മറുപടി നൽകിയത്.
കേന്ദ്രത്തിന്റെ പ്രസ്‌താവന വന്നതോടെ പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി അവസാനിച്ചു. 2008ൽ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാനസർക്കാർ കൃഷിഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നൽകിയത് 239 ഏക്കറാണ്.
കോച്ച് ഫാക്ടറി നടപ്പാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരിക്കെയാണ് റെയിൽവേയുടെ പുതിയ വിലയിരുത്തൽ.