മഹാരാഷ്ട്രയിൽ പൽഘറിൽ ആൾക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ 101 പേരിൽ മുസ്ലീങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.സംഭവത്തിന് രാഷ്ട്രീയമാനം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അത് ദൗർഭാഗ്യകരമാണെന്നും രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും മറിച്ച് കൊറോണയ്ക്കെതിരേ യോജിച്ച് പോരാടേണ്ട സമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തെറ്റിദ്ധാരണയുടെ പേരിലാണ് സംഭവം നടന്നതെന്നും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു.ഇതില്‍ ഹിന്ദു-മുസ്ലിം പ്രശ്നമോ വര്‍ഗീയതയില്ലെന്നും സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്‌തെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏപ്രില്‍ 16-ന് രാത്രിയാണ് പാല്‍ഘറിന് സമീപം ധാബാഡി-ഖന്‍വേല്‍ റോഡില്‍ ഗഢ്ച്ചിന്‍ചാലേ ഗ്രാമത്തില്‍ കാറിലെത്തിയ രണ്ട് സന്ന്യാസിമാരെയും ഡ്രൈവറേയും ആൾക്കൂട്ടം തല്ലികൊന്നത്.കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുക്കുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.