കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ ലഭിച്ചത് 30% കമ്മീഷന്‍; ജനം നോട്ടിനായി നെട്ടോടമോടുമ്പോള്‍ ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ കള്ളപ്പണം വെളുപ്പിക്കുന്നു; രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍
കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ ലഭിച്ചത് 30% കമ്മീഷന്
കള്ളപ്പണം വെളുപ്പിച്ചതിന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ കൈപ്പറ്റിയത് 30 ശതമാനം കമ്മീഷന്‍. സി ബി ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരുവിലാണ് ഒന്നരക്കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ കമ്മീഷന്‍ വാങ്ങി ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍ മാറ്റി നല്കിയത്.
സംഭവത്തെ തുടര്‍ന്ന് ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍ കെ മൈക്കിളിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസര്‍വ് ബാങ്ക് മേഖല ഓഫീസിലെ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് ആണ് ഇയാള്‍.
നിയമവിരുദ്ധമായി നോട്ടുകള്‍ മാറ്റി നല്കിയതിന് കൊല്ലേഗല്‍ ബ്രാഞ്ചിലെ സീനിയര്‍ കാഷ്യര്‍ പരമശിവമൂര്‍ത്തിയെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് മൈക്കിളിനെ അറസ്റ്റ് ചെയ്തത്.
പഴയനോട്ടുകള്‍ മാറ്റി 1.51 കോടി രൂപയുടെ പുതിയ നോട്ടുകളാണ് പരമശിവമൂര്‍ത്തി ബാങ്കില്‍ നിന്ന് നല്കിയത്. നോട്ട് കൈമാറ്റത്തിനായി ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍ കൊല്ലേഗല്‍ ബ്രാഞ്ചില്‍ എത്തിയതിന് സി ബി ഐക്ക് തെളിവു ലഭിച്ചു.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് മൈക്കിളിനും പരമശിവമൂര്‍ത്തിക്കും എതിരെ 12 കേസുകള്‍ ആണ് ഉള്ളത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനം നോട്ടിനായി നെട്ടോട്ടം ഓടുമ്പോള്‍ ആണ് ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ കള്ളപ്പണം കമ്മീഷന്‍ വാങ്ങി വെളുപ്പിച്ചത്. മൈക്കിള്‍ ആണ് കള്ളപ്പണം വെളുപ്പിച്ച് നല്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആദ്യ ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍.