ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍,ഡീസല്‍ വില ലിറ്ററിന് 10 രൂപ വരെ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉയരുന്ന പണപ്പെരുപ്പം കൂടി പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഇക്കാര്യത്തില്‍ എണ്ണ കമ്പനികളുമായിചര്‍ച്ച നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 ഏപ്രില്‍ മുതല്‍ രാജ്യത്തെ ഇന്ധനവിലയില്‍ കാര്യമായ വ്യത്യാസം വരുത്താന്‍ എണ്ണകമ്പനികള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ധനവില പുനര്‍നിര്‍ണയിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തമാസത്തോടെ ഇതില്‍ അന്തിമമായ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പൊതുമേഖലാ എണ്ണകമ്പനികള്‍ മൂന്നാം പാദത്തിലെ വിശദാംശങ്ങള്‍ അടുത്തമാസത്തോടെയാണ് പുറത്തുവിടുക. ഇതിന് പിന്നാലെ എണ്ണ വില കുറയ്ക്കാനാണ് ശ്രമം. അസംസ്‌കൃത എണ്ണ വിലയില്‍ കാര്യമായ കുറവ് വന്നതും എണ്ണ വില കുറയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദത്തിലും വലിയ ലാഭമാണ് എണ്ണകമ്പനികള്‍ നേടിയത്. ഈ സാഹചര്യത്തില്‍ വില കുറയ്ക്കുന്നത് കമ്പനികള്‍ക്കും വലിയ നഷ്ടമുണ്ടാക്കുന്നതായിരിക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.