ഇന്ത്യയെ ആക്രമിക്കാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐ തന്ത്രങ്ങൾ മാറ്റുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയെ ആക്രമിക്കാൻ കിഴക്കൻ മേഖലയിൽ പുതിയ നീക്കവുമായി പാക്ക് ചാരസംഘടന
ഇന്ത്യയ്ക്കുമേല്‍ ആക്രമണം നടത്തുന്നതിനായി ഭീകരർക്കു സഹായം നൽകുന്ന പാക്ക് ചാരസംഘടനയായ ഐഎസ്ഐ തന്ത്രങ്ങൾ മാറ്റുന്നതായി റിപ്പോർട്ട്. രാജ്യത്തെ കിഴക്കൻ അതിർത്തികളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് അവിടെ രഹസ്യമായി ഭീകരരുടെ ലോഞ്ച് പാഡുകൾ നിർമിക്കാനാണു ഐഎസ്ഐ പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മ്യാൻമർ – തായ്‍ലൻഡ് അതിർത്തിലാണ് ഐഎസ്ഐ, ഭീകരരുടെ പുതിയ ലോഞ്ച് പാഡ് നിർമിക്കാൻ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി മ്യാൻമർ – തായ്‍ലൻഡ് അതിർത്തിയിലുള്ള മരിസോട്ടിൽ പുതിയ ഭീകര ക്യാംപ് തയാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബംഗ്ലാദേശിലും ഇന്ത്യയിലും ഒരേസമയം ആക്രമണം നടത്തുകയെന്നതാണ് ഈ ലോഞ്ച്പാഡിന്റെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആക്രമണം നടത്തുന്നതിനായി താലിബാൻ ഭീകരരാണ് റോഹങ്ക്യ മുസ്‍ലിംസുകൾക്കു പരിശീലനം നൽകുന്നത്. പാക്ക് താലിബാൻ നേതാവ് മൗലാന അബ്ദുൽ കുദ്ദുസും ലഷ്കർ നേതാവ് ഹാഫിസ് സയീദും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസ്ഐയാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതെന്നും ആവശ്യമായ പണവും ആയുധവും നൽകുന്നതും ഇവരാണെന്നുമാണ് വിവരം.