മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് വൈകീട്ട് 7:15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുരേഷ് ഗോപി അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകുമെന്നാണ് സൂചന. 7 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളടക്കം എണ്ണായിരത്തിലധികം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പത്മാ പുരസ്‌കാര ജേതാക്കള്‍,ശുചീകരണ തൊഴിലാളികള്‍,സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍ എന്നിവരും പങ്കെടുക്കും.കേരളത്തില്‍ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്‌സഭ സ്ഥാനാര്‍ഥികളും പങ്കെടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വൈകീട്ട് 6:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിക്കും. മൂന്നാമതും ഭരണത്തില്‍ വന്നതോടെ തുടര്‍ച്ചയായി 3 തിരെഞ്ഞെടുപ്പുകളില്‍ വിജയിച്ച് പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി മോദി. മന്ത്രിസഭാ രൂപീകരണത്തില്‍ സഖ്യകക്ഷികളുമായി ബിജെപി ധാരണയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടിഡിപിക്കും ജെഡിയുവിനും ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനവും 2 സഹമന്ത്രി സ്ഥാനവും ലഭിച്ചേക്കും. എച്ച് ഡി കുമാരസ്വാമി,ജയന്ത് ചൗധരി,അനുപ്രിയ പട്ടേല്‍,ജിതിന്‍ റാം മാഞ്ചി,പ്രഫുല്‍ പട്ടേല്‍,ചിരാഗ് പാസ്വാന്‍ തുടങ്ങിയ സഖ്യകക്ഷി നേതാക്കളും മന്ത്രിമാരാകും.