‘അമ്മയും മകനും പരിധി വിടുന്നു, വലിയ വില നൽകേണ്ടി വരും’ - ഭീഷണിയുമായി മോദി
രാഹുലിനും സോണിയക്കും താക്കീതുമായി മോദി
കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള പോര് തുടക്കം മുതൽ വ്യക്തമായിരുന്നു. പരസ്പരം വെല്ലുവിളിച്ചും പരിഹസിച്ചും വിമർശിച്ചും ഇരുവരും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുകയാണ്.
ഇപ്പോഴിതാ, രാഹുല്‍ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിക്കുമെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ച് മോദി. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിലെ അമ്മയും അവരുടെ മകനും വലിയ വിലനല്‍കേണ്ടി വരുമെന്നാണ് മോദി പൊതുവേദിയില്‍ വെല്ലുവിളിച്ചത്.
തിരഞ്ഞെടുപ്പ് പ്രചരണവുമായ ഹുബ്ലിയില്‍ നടന്ന റാലിക്കിടയിലാണ് മോദി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായി രംഗത്തുവന്നത്. സോണിയയുടേയും രാഹുലിന്റെയും പേര് പ്രത്യക്ഷമായി പറയുന്നത് ഒഴിവാക്കിയായിരുന്നു മോദിയുടെ പ്രസംഗം.
5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ജാഗ്രതയോടെ കേട്ടാല്‍ നന്ന്. ഇത് മോദിയാണെന്ന് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.