പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്നും വൻ തുക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിക്കെതിരെ കേന്ദ്ര സർക്കാരിന്റെ നടപടി. നീരവ് മോദിയുടെ 170 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് ഉത്തരവിറക്കി.
73 കോടിയോളം മതിപ്പു വിലവരുന്ന മുംബൈയിലെ സ്റ്റാർ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, സൂറത്തിലെ പൌദ്ര എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, 63 കോടി രൂപ മതിപ്പ് വിലയുള്ള അന്ധേരിയിലെ എച്ച്.സി.എല്‍ ഹൗസ് എന്നിവയാണ് എൻഫോഴ്സ്‌മെന്റ് കണ്ടുകെട്ടിയത്.
ഇതോടൊപ്പം തന്നെ കൊടക് മഹേന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, യൂണിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സൂറത്ത് പീപ്പിൾസ് കോ ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ വഴിയുള്ള 58 കോടി രൂപയുടെ പണമിടപാടുകളും എൻഫോഴ്സ്‌മെന്റ് മരവിപ്പിച്ചിട്ടുണ്ട്.
4.01 കോടി രൂപ വിലവരുന്ന 11 ആഡംബര വാഹനങ്ങളും കണ്ടുകെട്ടിയ കൂട്ടത്തിൽപ്പെടുന്നു. മോദിയുടെ സഹോദരന്റെ സ്ഥാപനങ്ങൾക്കും. നിരവ് മോദിയുടെ കമ്പനികളുമായി ബന്ധപ്പെട്ട ഓഹരി ഇടപാടുകൾക്കും എൻഫൊഴ്‌സ്‌മെന്റ് വിലങ്ങിട്ടിട്ടുണ്ട്.