ഹോങ്കോങ് ഓപ്പൺ: കലാശപോരാട്ടത്തില്‍ പി വി സിന്ധുവിന് അടിതെറ്റി
റിയോ ഒളിമ്പിക്സിലെ പരാജയത്തിന് പി വി സിന്ധുവിനോട് മധുര പ്രതികാരം തീര്‍ത്ത് ചൈനീസ് താരം
ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിൽ തോല്‍വി സമ്മതിച്ച് ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡൽ വിജയി പി വി സിന്ധു. ചൈനീസ് താരം തായ് സൂ യിങ്ങിനോടാണ് സിന്ധു തോല്‍വി സമ്മതിച്ചത്. തായ് സൂ യിങ്ങിനെ നേരിട്ട പി വി സിന്ധു, 41 മിനിറ്റ് ദൈര്‍ഘ്യമേറിയ പോരാട്ടത്തിനൊടുവിലാണ് തോല്‍വി വഴങ്ങിയത്. 15-21, 17-21 എന്നീ സ്‌കോറിനാണ് യൂ സിങ്ങ് സിന്ധുവിനെ കീഴടക്കിയത്.
റിയോ ഒളിമ്പിക്‌സില്‍ സിന്ധുവില്‍ നിന്നും ഏറ്റ തോല്‍വിയുടെ മധുര പ്രതികാരം കൂടിയാണ് ചൈനീസ് താരം തായ് സൂ യിങ്ങ് ഹോങ്കോങ്ങ് സീരീസില്‍ നടത്തിയത് എന്ന് തന്നെ പറയാം. കഴിഞ്ഞയാഴ്ച ചൈന ഓപ്പൺ കിരീടമണിഞ്ഞ സിന്ധു തുടർച്ചയായ രണ്ടാം ഫൈനലിലായിരുന്നു ഈ തോല്‍വി.
ഹോങ്കോങ് താരം ച്വേങ്ക് ഗാന്‍യിയെ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. അതേസമയം, ഇന്ത്യന്‍ താരം സൈന നെഹ് വാള്‍ നേരത്തെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. മത്സരം സൈന വിജയിച്ചിരുന്നെങ്കില്‍ സെമിയില്‍ പി വി സിന്ധുവിനെയായിരുന്നു നേരിടേണ്ടി വരിക.