വന്ദേ ഭാരത് എ സി ട്രെയിനുകൾക്ക് പിന്നാലെ നിരക്ക് കുറഞ്ഞ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് ഏറ്റവും തിരക്കുള്ള സെക്ടറുകളിലാണ് പുതിയ ട്രെയിൻ പരീക്ഷിക്കാൻ റെയിൽവേ ഒരുങ്ങുന്നത്. ഇതിനായി തിരെഞ്ഞെടുത്ത റൂട്ടുകളിൽ എറണാകുളം- ഗുവാഹട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.
വന്ദേഭാരതിൽ നിരക്ക് കൂടുതലായതിനാൽ തന്നെ സാധാരണക്കാരായ യാത്രക്കാരെ കൈവിടുകയാണ് റെയിൽവേ ചെയ്തതെന്ന് വ്യാപകമായ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറയ്ക്കാനുള്ള തീരുമാനവും സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി. ഇത്തരം ആക്ഷേപങ്ങൾ കണക്കിലെടുത്താണ് റെയിൽവേ പ്രത്യേക ട്രെയിൻ പുറത്തിറക്കുന്നത്. ഇതിൽ ഏതാനും കോച്ചുകളിൽ റിസർവേഷനും ഉണ്ടായിരിക്കും. 24 കോച്ചുകളുള്ള വന്ദേ സാധാരണിൽ കൂടുതൽ വേഗതയ്ക്കായി പുഷ് പുൾ രീതിയിൽ മുന്നിലും പിന്നിലും എഞ്ചിൻ ഘടിപ്പിച്ചാകും സർവീസ് നടത്തുക.
65 കോടിയാണ് വന്ദേ സാധാരൺ ട്രെയിനിന് നിർമാണചെലവായി പ്രതീക്ഷിക്കുന്നത്. ട്രെയിനിൻ്റെ ആദ്യ റേക്ക് ഒക്ടോബറിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ ഒന്ന് വീതമുള്ള സർവീസായിട്ടായിരിക്കും എറനാകുളം- ഗുവാഹട്ടി ആരംഭിക്കുക. പുതിയ കോച്ചുകൾ ലഭിക്കുന്നത് വരെ സാധാരണ കോച്ചുകളായി സർവീസ് നേരത്തെ തുടങ്ങാനും സാധ്യതയുണ്ട്.