മലയാളികളുടെ പ്രിയഭക്ഷണങ്ങൾ ഒഴിവാക്കി റെയിൽവേ മെനു പരിഷ്കരിച്ച തീരുമാനം പിൻവലിച്ച് റെയിൽവേ. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവുമധികം വിറ്റുപോകുന്ന മലയാളികളുടെ ഭക്ഷണശീലത്തിന്റെ തന്നെ ഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ മെനുവിൽ നിന്നും ഒഴിവാക്കിയതിനെതിരെ വലിയ വിമർശനങ്ങൾ വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ ഒഴിവാക്കുന്നത് സാംസ്‌കാരിക ഫാസിസമല്ലേയെന്ന മാധ്യമ പ്രവർത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയിൽവേ തീരുമാനം മാറ്റിയ വിവരം ട്വീറ്റ് ചെയ്തത്. ഭക്ഷണമെനു പരിഷ്കരിച്ചുകൊണ്ടുള്ള റെയിൽവേ തീരുമാനത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതോടെ മുൻപ് വിതരണം ചെയ്തിരുന്ന വിഭവങ്ങൾ എല്ലാം തന്നെ വീണ്ടും റെയിൽവേ വിതരണം ചെയ്യുമെന്നാണ് റെയിൽവേ ട്വീറ്റിലൂടെ വ്യക്തമായിരിക്കുന്നത്.