ഇന്ധന സംവിധാനത്തിലെ തകരാര്‍: 50000 ക്വിഡും 932 യൂണിറ്റ് ഡാറ്റ്സൺ റെഡിഗോയും തിരിച്ചു വിളിക്കുന്നു
ഡാറ്റ്സൺ റെഡിഗോയും റെനോ ക്വിഡും കമ്പനി തിരിച്ചു വിളിക്കുന്നു
ഡാറ്റ്സൺ റെഡിഗോയും റെനോ ക്വിഡും കമ്പനി തിരിച്ചു വിളിക്കുന്നു. ഇന്ധന സംവിധാനത്തിന്റെ പ്രശ്നങ്ങള്‍ മൂലം ഡാറ്റ്സൺ റെഡിഗോയുടെ 932 യൂണിറ്റും റെനോ 50000 ക്വിഡ് കാറുകളുമാണ് തിരിച്ച് വിളിക്കുന്നത്. 2015 ഒക്ടോബർ മുതൽ ഈ വർഷം മേയ് 18 വരെ ഉൽപാദിപ്പിച്ച 0.8 എൽ വേരിയന്റ് ക്വിഡുകളാണ് ഇന്ധന സംവിധാനത്തിന്റെ സമഗ്ര പരിശോധനയ്ക്കായി തിരികെ വിളിക്കുന്നതെന്ന് റെനോ അറിയിച്ചു.
നിസ്സാന്റെ ഡാറ്റ്സൺ റെഡിഗോയ്ക്കും ഇന്ധന സംവിധാനത്തിൽത്തന്നെയാണു പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് 18 വരെ ഉൽപാദിപ്പിച്ച കാറുകൾക്കാണ് ഈ പ്രശ്നമുള്ളത്. കമ്പനി ഇന്ത്യയിൽ നിർമിച്ച 932 വാഹനങ്ങളാണു ഇത്തരം തകരാര്‍ പരിശോധിച്ചു പരിഹരിക്കുക. ചെന്നൈയിൽ ഒരേ ഉൽപാദനശാലയിലാണു ക്വിഡും റെഡിഗോയും നിര്‍മ്മിക്കുന്നത്. ലോകത്തു വിൽക്കുന്ന പത്ത് കാറുകളിൽ ഒന്ന് ഇവരുടേതാണ്.
ഈ കാറുകളിലുള്ള ഇന്ധന ഹോസിൽ ഒരു സംരക്ഷണ ക്ലിപ് ഘടിപ്പിക്കുകയാണ് ചെയ്യുക. ഇതോടൊപ്പം തന്നെ ഇന്ധന സംവിധാനത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തുമെന്നും കമ്പനി അറിയിച്ചു. സൗജന്യമായാണു ഇരു വാഹനങ്ങളുടേയും സർവീസ് നടത്തുക. അതത് വിതരണക്കാരുടെ അടുത്താണു ഈ പരിശോധനയ്ക്കായി കാറുകള്‍ എത്തിക്കേണ്ടതെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റെനോ ക്വിഡ് വിപണിയിൽ എത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപണിയിലെ താരമാകാന്‍ ക്വിഡിന് കഴിഞ്ഞു. ആദ്യം 800 സിസി എൻജിനുമായാണ് ക്വിഡ് അവതരിപ്പിച്ചത്. തുടര്‍ന്ന് ഈ വർഷം ഓഗസ്റ്റിൽ 1000 സിസിയുടെ വേരിയന്റിലും ക്വിഡ് ലഭ്യമാക്കിയിരുന്നു. യോക്കോഹാമ കേന്ദ്രമായ ജപ്പാൻ കമ്പനി നിസ്സാനും പാരിസ് കേന്ദ്രമായ ഫ്രഞ്ച് കമ്പനി റെനോയും സഹകരണ വ്യവസ്ഥയിലാണു ഇരു വാഹനങ്ങളും ഉൽപാദിപ്പിക്കുന്നത്.