ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി. വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളെല്ലാം തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന് സുപ്രീം കോടതി. ജനുവരി 22നാണ് ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കുക.
നാല്‍പ്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതി മുൻപാകെ എത്തിയത്. ഇതാദ്യമായാണ് ഒരേകേസിൽ ഇത്രയധികം ഹർജികൾ ചേംബറിനു മുന്നിൽ എത്തുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ആള്‍ കേരള ബ്രാഹ്മിന്‍ അസോസിയേഷന്‍, ബ്രാഹ്മിന്‍ ഫെഡറേഷന്‍, നായര്‍ വനിതാ സമാജം,നായര്‍ സര്‍വീസ് സൊസൈറ്റി, മുഖ്യതന്ത്രി,ലോക ഹിന്ദു മിഷന്‍ തുടങ്ങി നാല്‍പ്പത്തിയൊൻപത് ഹര്‍ജികള്‍ ഇത് വരെ കോടതിയ്ക്ക് മുമ്പിലെത്തിയിട്ടുണ്ട്.
അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി മാറ്റിവെച്ചു. നാല് റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.