എസ്ബിഐയുടെ കൊള്ള വീണ്ടും: ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് - ഇനി സൗജന്യ എടിഎം ഇടപാടില്ല
ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് - ഇനി സൗജന്യ എടിഎം ഇടപാടില്ല
ഉപഭോക്‍താക്കളെ കൊള്ളയടിക്കാനുള്ള പുതിയ നീക്കവുമായി എസ്ബിഐ. ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനം. ജൂണ്‍ ഒന്നുമുതലാണ് ചാര്‍ജ് ഈടാക്കുക.
എടിഎമ്മില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതോടെ നിലവില്‍ എടിഎം വഴി ലഭിച്ചിരുന്ന സൗജന്യ ഇടപാടുകള്‍ ഇല്ലാതാകും.
അസോസിയേറ്റ് ബാങ്കുകള്‍ എസ് ബി ഐയില്‍ ലയിച്ചപ്പോഴുണ്ടായ സാമ്പത്തിക നഷ്‌ടം മറികടക്കുന്നതിനാണ് എസ് ബി ഐ മറ്റൊരു ഭീമന്‍ കൊള്ളയ്‌ക്ക് ഒരുങ്ങിയിരിക്കുന്നത്.
നിലവിൽ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങൾ സൗജന്യമായിരുന്നു ഇതാണ് ഇല്ലാതാക്കുന്നത്. മുഷിഞ്ഞ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.
മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. 5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ വരെ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് വേണ്ട. 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും.
5,000 രൂപയിലും അധികമാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. എന്നാല്‍ 1,000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയുമാണ് സേവന നികുതി.