ബിജെപിയുമായി ഇനി കൂട്ടില്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന
ബിജെപിയുമായി ഇനി കൂട്ടില്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന് ശിവസേന. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് 29 വർഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ ശിവസേന തീരുമാനിച്ചത്.
എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനൊപ്പം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കാനും തീരുമാനിച്ചു. പാര്‍ട്ടി തീരുമാനത്തോട് സഹകരിച്ച എല്ലാവര്‍ക്കും ഉദ്ധവ് താക്കറെ നന്ദി അറിയിച്ചു.
ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി വക്താവ് സഞ്ജയ് റൗട്ട് ആണ് എൻഡിഎയുമായുള്ള ബന്ധം ഇനി തുടരേണ്ടതില്ലെന്ന പ്രമേയം കൊണ്ടുവന്നത്. എതിര്‍പ്പുകള്‍ ഇല്ലാതെ പ്രമേയം ഏകകണ്ഠമായി പാസാകുകയും ചെയ്‌തു.
പാര്‍ട്ടി സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ 91മത് ജന്മദിനത്തിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ ശിവസേന തീരുമാനിച്ചത്. നാളുകളായി സഖ്യം വിടണമെന്ന അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കള്‍.
ബിജെപി നേതൃത്വവുമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് സേനയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല നയങ്ങളെയും ശക്തിയുക്തം വിമര്‍ശിച്ച സേന നേതാക്കളില്‍ പലരും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തുകയും ചെയ്‌തിരുന്നു.