ബീഫ് നിരോധനത്തില്‍ കേരളത്തിനൊപ്പം, അവരാണ് ശരി: കര്‍ണാടക മുഖ്യമന്ത്രി
കന്നുകാലി കശാപ്പ് നിരോധനം എടുത്തുകളയണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനം ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയത് കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ സംസ്ഥാനത്തേയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ഇപ്പോഴിതാ, ഇക്കാര്യത്തില്‍ കേരളമാണ് ശരിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കുന്നു.
കന്നുകാലി കശാപ്പ് നിരോധനം നടപ്പിലാക്കിയ പുതിയ ചട്ടം ഫെഡറലിസത്തിന്റെ വേരറുക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നുകാലി കശാപ്പ് നിരോധനം എടുത്തുകളയണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധാരാമയ്യ അറിയിച്ചു. പിണറായി വിജയന്‍ അയച്ച കത്തിനുള്ള മറപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനങ്ങളുടെ ഭക്ഷണാവശ്യത്തെയും തൊഴിലിനെയും ഈ നിരോധനം പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സിദ്ധാരാമയ്യ അറിയിച്ചു. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പ്രോട്ടീന്‍ ലഭിക്കുന്നത് മാട്ടിറച്ചിയില്‍ നിന്നാണ്. മാത്രമല്ല സ്വതന്ത്രമായി കച്ചവടം നടത്താനുള്ള ഭരണഘടന അവകാശത്തെ പോലും ഹനിക്കുന്നതാണ് ഈ ചട്ടങ്ങളെന്നും സിദ്ധാരാമയ്യ പറഞ്ഞു.