പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി
ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാനും അല്പം വിവേകം കാണിക്കാനും സുപ്രീംകോടതി പറഞ്ഞു.
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയെ ശകാരിച്ച് സുപ്രീംകോടതി. മധ്യപ്രദേശ് ഗോത്രക്ഷേമ മന്ത്രി വിജയ് ഷായെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാനും അല്പം വിവേകം കാണിക്കാനും സുപ്രീംകോടതി പറഞ്ഞു. ഭരണഘടന പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ സംസാരത്തില്‍ വിവേകം പാലിക്കണമെന്നും സുപ്രീംകോടതി ജസ്റ്റിസ് ബി ആര്‍ ഗവായി പറഞ്ഞു. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയാണ് ഇദ്ദേഹം സുപ്രീംകോടതി സമീപിച്ചത്.
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഇദ്ദേഹം കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു. ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ഓപ്പറേഷന്‍ സിന്ദുറുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഭീകരവാദികളുടെ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരിയെ ഇന്ത്യയുടെ വ്യോമസേനയുടെ വിമാനത്തില്‍ അയച്ചത് അവരുടെ അഹങ്കാരം നശിപ്പിക്കാനും അവരെ ഒരു പാഠം പഠിപ്പിക്കുവാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്.
ഇതു വലിയ വിവാദമായി. പിന്നാലെയാണ് വിജയ് ഷാ ക്ഷമാപണവുമായി എത്തിയത്. അവര്‍ നമ്മുടെസഹോദരിമാരെ വിധവകളാക്കി. അതിനാല്‍ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ മോദിജീ അവരുടെ സമുദായത്തില്‍ നിന്നുള്ള സഹോദരി അയച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ നിരവധി ഉണ്ടായി.
സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നെന്നും സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് കഴിയില്ലെന്നും തന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.