ഹാദിയയെ ഇന്നു സുപ്രിംകോടതിയിൽ ഹാജരാക്കും; അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് അശോകന്റെ ആവശ്യം പരിഗണിച്ചേക്കും
സുപ്രിംകോടതി ഹാദിയയ്ക്കൊപ്പമോ അശോകനൊപ്പമോ?
, തിങ്കള്‍, 27 നവംബര്‍ 2017 (08:04 IST)
ഹാദിയ കേസിലെ നിര്‍ണായക വാദം ഇന്ന് സുപ്രീംകോടതിയില്‍ നടക്കും. ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ വൈകീട്ട് മൂന്നു മണിക്ക് നടപടി ക്രമങ്ങള്‍ ആരംഭിക്കും. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചേക്കും.
ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീംകോടതിയില്‍ വാദിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അശോകനെ പിന്തുണയ്ക്കാൻ എൻ ഐ എ തയ്യാറായേക്കും. എന്നാൽ, ഇത് സാധൂകരിക്കുന്ന മെഡിക്കൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത് ഇതേ കാര്യത്തിലാണെന്നും ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘മെന്റല്‍ കിഡ്‌നാപ്പിംഗ് ‘വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍ ഐ എ. ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻ ഐ എ സുപ്രിംകോടതിയിൽ അറിയിക്കും. ആശയം അടിച്ചേൽക്കപ്പെട്ട വ്യക്തിത്വമാണ് ഹാദിയയുടേത്. അതിനാൽ അങ്ങനെയുള്ള ഒരാൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയില്ലെന്നും എൻ ഐ എ കോടതിയിൽ അറിയിച്ചതായി റിപ്പോർട്ട്.
താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാൻ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വിവാഹിതയായതെന്നും ഹാദിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.