സുരേഷ് ഗോപി കേന്ദ്രമന്ത്രി; ഞായറാഴ്ച മോദിക്കൊപ്പം സത്യപ്രതിജ്ഞ !
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജൂണ്‍ ഒന്‍പത് ഞായറാഴ്ച തന്നെയായിരിക്കും സുരേഷ് ഗോപി അടക്കമുള്ളവരുടെയും സത്യപ്രതിജ്ഞ
തൃശൂരില്‍ നിന്ന് ജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗമായതിനാല്‍ കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ദേശീയ നേതൃത്വം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. സിനിമ തിരക്കുകള്‍ കാരണം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. എന്നാല്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപി ഉണ്ടാവണമെന്ന് സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ നിര്‍ബന്ധിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജൂണ്‍ ഒന്‍പത് ഞായറാഴ്ച തന്നെയായിരിക്കും സുരേഷ് ഗോപി അടക്കമുള്ളവരുടെയും സത്യപ്രതിജ്ഞ. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയില്‍ ഡല്‍ഹിയിലേക്കു പോകുന്നതില്‍ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ ഭാരിച്ച ചുമതലയാകുമെന്നായിരുന്നു സുരേഷ് ഗോപി തൃശ്ശൂരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകോട് പറഞ്ഞത്. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതല്‍ താല്‍പര്യമെന്നും പറഞ്ഞിരുന്നു.