ഭോപ്പാൽ: പത്ത് വയസുകാരിയെ ക്ലാസിലെ മറ്റു വിദ്യാർഥികളുടെ മുന്നിൽ വെച്ച് നിർബന്ധപൂർവം യൂണിഫോം അഴിപ്പിച്ച സംഭവത്തിൽ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മുഷിഞ്ഞ യൂണിഫോം ധരിച്ചെത്തിയതിനെ തുടർന്നാണ് ഗോത്രവിഭാഗക്കാരിയായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയോട് യൂണിഫോം അഴിച്ചുമാറ്റാൻ അധ്യാപകൻ ആവശ്യപ്പെട്ടത്.
ശഹ്ഡോൽ ജില്ലയിലെ ഗോത്രകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.അടിവസ്ത്രങ്ങൾ മാത്രം ധരിച്ച പെൺകുട്ടി തൻ്റെ വസ്ത്രങ്ങൾ കഴുകുന്നതും സമീപത്ത് അധ്യാപകനായ ശ്രാവൻ കുമാർ ത്രിപാഠിയും സഹപാഠികളും നിൽക്കുന്നതുമായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യം അധ്യാപകൻ തന്നെ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.