അയോധ്യാ കേസ്: ചീഫ് ജസ്റ്റിസ് അടക്കം വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്‌ജിമാരുടെ സുരക്ഷ ശക്തമാക്കി

ചീഫ് ജസ്റ്റിസ്, രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പ്രസ്താവിക്കുന്നത്.

തുമ്പി ഏബ്രഹാം

ശനി, 9 നവം‌ബര്‍ 2019 (08:05 IST)
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവിക്കാനിരിക്കെ, വിധി പറയുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസ്, രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. കോടതി അവധിയായ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിധി പ്രസ്താവിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിധികളിലൊന്ന് എന്നാണ് ജസ്റ്റിസ് എസ് എ ബോബ്ഡെ നേരത്തെ വിശേഷിപ്പിച്ചത്.
 
അയോധ്യയിലെ 2.77 ഏക്കർ ഭൂമി രാം ലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവയ്ക്കായി തുല്യമായി ഭാഗിച്ച് നൽകിയ 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹിന്ദു, മുസ്ലീം സംഘടനകൾ ഫയൽ ചെയ്ത 14 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് മുതൽ 40 പ്രവർത്തിദിനങ്ങളിൽ തുടർച്ചയായി വാദം കേട്ട ശേഷമാണ് കേസ് വിധി പറയാൻ മാറ്റിയത്.
 
 
1885ൽ കോടതിക്ക് മുന്നിലെത്തിയ തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിധി പ്രസ്താവിക്കാൻ പോകുന്നത്. 1992 ഡിസംബർ ആറിന് സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരായ കർസേവകർ ബാബറി മസ്ജിദ് പൊളിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി അടക്കമുള്ളവർ പ്രതികളായ കേസ് വേറെയുണ്ട്. 2019 ജനുവരി എട്ടിനാണ് ഭൂമി തർക്ക കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിലേയ്ക്ക് ചീഫ് ജസ്റ്റിസ് ഗൊഗോയ് മാറ്റിയത്. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അയോധ്യ കേസിൽ വിധി ശനിയാഴ്‌ച; ജാഗ്രതയോടെ രാജ്യം, അയോധ്യയിൽ നിരോധനാജ്ഞ