എടിഎം ആണെന്ന് കരുതി പൊളിച്ചുകൊണ്ടുപോയത് ബാങ്കിലെ പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍; മോഷ്ടാവിന് പറ്റിയത് വൻ അബദ്ധം; ഒടുവിൽ പിടിയില്‍
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം.
നിറയെ പണം കാണുമെന്ന് കരുതി എടിഎം മെഷീൻ ആണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീൻ മോഷ്ടിച്ച കളളനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം.
ഇവിടെയുള്ള ഒരു സ്വകാര്യ ബാങ്കിലെ പാസ്ബുക്ക് പ്രിന്റിംഗ് മെഷീൻ മോഷണം പോയതായുളള അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു കൗണ്ടറിലെ എടിഎം മെഷീന് സമീപമുളള പാസ്ബുക്ക് പ്രിന്റിംഗ് മെഷീൻ കാണാതായത്.
പ്രദേശത്തെ ജനവാസ കേന്ദ്രത്തിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാജ് സർദാർ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീടിന്റെ പിറകിൽ നിന്നും മെഷീൻ കണ്ടെത്തുകയും ചെയ്തു. അതേസമയം എടിഎം മെഷീനെന്ന് കരുതിയാണ് ഇത് മോഷ്ടിച്ചതെന്ന് രാജ് സർദാർ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.