വീണ്ടും ഭീകരാക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു - രണ്ടു സൈനികര്‍ക്ക് പരുക്ക്
പാമ്പോറിൽ കരസേന വാഹനത്തിനുനേരെ ആക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. ബൈക്കുകളിലെത്തിയ ഭീകരരാണ് വെടിയുതിര്‍ത്തത്. ശ്രീനഗര്‍ ജമ്മു ദേശീയപാതയിലെ പാംപോറില്‍ കദ്‌ലാബാലിലാണ് ഇന്നുച്ചയോടെ ഭീകരാക്രമണമുണ്ടായത്.
ആക്രമണത്തിനു ശേഷം ഭീകരര്‍ കടന്നു കളഞ്ഞു. പ്രദേശത്തും അടുത്തുള്ള താമസസ്ഥലങ്ങളിലും ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. തെരച്ചിലില്‍ സൈന്യത്തിനൊപ്പം സിആര്‍പിഎഫും രംഗത്തുണ്ട്. റോഡില്‍ ജനത്തിരക്കായതിനാല്‍ ആളപായം ഒഴിവാക്കാന്‍ സൈന്യം തിരിച്ചടിക്ക് തയാറാകാതിരുന്നതിനാലാണ് ഭീകരര്‍ രക്ഷപ്പെട്ടത്.
ഏറെ ഗതാഗതത്തിരക്കുള്ള ശ്രീനഗര്‍– ജമ്മു ദേശീയപാതയില്‍ അടുത്തിടെ അഞ്ച് ഭീകരാക്രമണങ്ങളാണുണ്ടായത്. നൂറിലേറെ ഭീകരര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരാക്രമണം.