സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവര്‍ത്തിക്കുമോ ?; പാക് ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു - ഒരു മൃതദേഹം വികൃതമാക്കി
കശ്മീരിൽ മൂന്നു ജവാന്മാർ വീരമൃത്യു വരിച്ചു; ഒരു മൃതദേഹം വികൃതമാക്കി
ജമ്മു കശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്കടുത്ത് ഇന്ത്യൻ സൈനികന്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ. പാകിസ്ഥാന്‍ ആക്രമണത്തില്‍ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്. മച്ചൽ മേഖലയിലെ നിയന്ത്രണ മേഖലയിലാണ് ആക്രമണം നടന്നത്.
ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് കരസേന വ്യക്തമാക്കി. സ്ഥലത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്. പുലർച്ചെ ബന്ദിപ്പോറ ജില്ലയിൽ നടന്ന ഏറ്റമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാച്ചിൽ മേഖലയിൽ ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞമാസവും ഒരു സൈനികന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കിയിരുന്നു. പാക് അധീന കശ്‌മീരിലേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് 27കാരനായ മൻദീപ് സിംഗിന്റെ മൃതദേഹത്തോടായിരുന്നു ക്രൂരത കാട്ടിയത്.
അതേസമയം, ബന്ദിപ്പോറയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ കൈയിൽനിന്ന് പുതിയ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് ഹൻജാൻ ഗ്രാമത്തിലെ ജനവാസകേന്ദ്രത്തിൽ ഏറ്റുമുട്ടലുണ്ടായത്.
നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സുരക്ഷാസേന വധിച്ചത്. ഭീകരർ ലഷ്കർ ഇ തോയിബയിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്. ഭീകരരുടെ കൈയിൽനിന്നും രണ്ട് എകെ 47 തോക്കുകളും കണ്ടെത്തിയിരുന്നു.