മഹാനായ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ എന്ത് അധികാരമാണ് ബിജെപിക്കുള്ളത്? - ആഞ്ഞടിച്ച് മമ്ത
ത്രിപുരയിലെ ജനങ്ങളെ സംരക്ഷിക്കണമെന്ന് വി എസ്, അംഗീകരിക്കാന്‍ കഴിയില്ലെന്ന് മമ്ത
Publish Date: Wed, 07 Mar 2018 (10:23 IST)
Updated Date: Wed, 07 Mar 2018 (10:26 IST)
ത്രിപുരയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ വ്യാപകമായ രീതിയില്‍ അക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് ബിജെപി. മഹാനായ ലെനിന്റെ പ്രതിമ തകര്‍ത്തതോടൊപ്പം, തമിഴ്‌നാടിന്റെ നവോത്ഥാന നായകനായ പെരിയാറിന്റെ പ്രതിമയും ഇന്നലെ തകര്‍ത്തു. രാജ്യത്ത് നില്‍ക്കുന്ന അക്രമണങ്ങളില്‍ പ്രധാനമന്ത്രി മൌനം പാലിക്കരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ത്രിപുരയില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും, അവിടെ ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പു വരുത്താനും, അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ അഹംഭാവത്തില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും, ജനജീവിതം തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ബിജെപി, ആര്‍എസ്എസ് സംഘം നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി എസ് അറിയിച്ചു.
അതേസമയം, ത്രിപുരയിലെ സിപിഐഎം അനുഭാവികള്‍ക്കെതിരെയുള്ള ബിജെപി ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘കാറല്‍ മാര്‍ക്‌സും മഹാനായ ലെനിനും എന്റെ നേതാക്കളല്ല. എന്നാല്‍ റഷ്യയെ സംബന്ധിച്ച് അവര്‍ വലിയ നേതാക്കളാണ്. വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍ ചേരുന്നതാണ് ലോകം. ബിജെപി അധികാരത്തിലെത്തിയെന്ന് കരുതി ലെനിന്റെയും മാര്‍ക്‌സിന്റെയും പ്രതിമ തകര്‍ക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്ന്‘ മമതാ പറഞ്ഞു.