മാന്‍ഡലിന്‍ ഒരു പാശ്ചാത്യ സംഗീത വാദ്യമാണ്. എന്നാല്‍ അതിനേ ഇന്ത്യയുടെ പ്രത്യേകിച്ച് കര്‍ണ്ണാടക സംഗീതത്തില്‍ ശ്രദ്ദേയമായ സ്ഥാനം നേടിക്കോടുത്തതില്‍ യു ശ്രീനിവാസനുള്ള പങ്ക് അതുല്യമാണ്. 1969 ഫെബ്രുവരി 28ന് ആന്ധ്രപ്രദേശിലെ പാലകോളില്‍ ജനിച്ച യു ശ്രീനിവാസ് അഥവാ ഉപ്പലാപു ശ്രീനിവാസ് ജന്മനാ സംഗീതാഭിരുചിയുള്ളയാളായിരുന്നു.
തന്റെ ആറാമത്തെ വയസില്‍ തന്നെ കര്‍ണ്ണാടക സംഗീതത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ശ്രീനിവാസ് പിന്നീട് മാന്‍ഡലിന്‍ വാദ്യത്തിനൊട് ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങി. അത് ഒരു ചരിത്രത്തിന്റെ ഉദയമായിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല. തന്റെ കര്‍ണ്ണാടക സംഗീത വാസന മാന്‍ഡലിനിലേക്ക് സന്നിവേശിപ്പിച്ചതോടെ ലോക സംഗീത നഭസില്‍ പുതിയൊരു നക്ഷത്രം ഉദയം കൊള്ളുകയായിരുന്നു.
ഒന്‍പതാം വയസു മുതല്‍ മാന്‍ഡിലിന്‍ വായന ആരംഭിച്ചിരുന്ന ശ്രീനിവാസ് 1978ല്‍ ആന്ദ്രയിലെ ഗുഡിലാഡയില്‍ ആദ്യ മാന്‍ഡലിന്‍ കച്ചേരി നടത്തി സംഗീതലോകത്തിലേക്കുള്ള തന്റെ വരവറിയിച്ചു. ചെമ്പൈയുടെ ശിഷ്യന്‍ സുബ്ബരാജുവില്‍ നിന്നായിരുന്നു സംഗീതസപര്യയുടെ പ്രാഥമിക പാഠങ്ങള്‍ ഇദ്ദേഹം പഠിച്ചത്.
1978ലെ കച്ചേരിക്കു ശേഷം അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോകപ്രശ്സതരായ ജോണ്‍ മാക്വലോഗിന്‍, മൈക്കല്‍ ബ്രൂക്ക്, ട്രേഗണ്‍, നിഗല്‍ കെന്നഡി തുടങ്ങിയവരോടൊപ്പം പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ശ്രീനിവാസന്‍ ഇന്ത്യക്കകത്തും പുറത്തുമായി ആയിരത്തിലധികം വേദികളില്‍ തന്റെ മാന്ത്രിക വിരലുകളാല്‍ മാന്‍ഡലിനില്‍ വിസ്മയം തീര്‍ത്തു.
ഇന്ത്യയുടെ സംഗീത പാരമ്പര്യത്തിന് ശ്രീനിവാസ് മാന്‍ഡലിനില്‍ കൂടി പുതിയൊരു മാനം ലോകത്തിന് പകര്‍ന്നു നല്‍കുകയായിരുന്നു ചെയ്തത്. എന്നാല്‍ പ്രശ്സ്തിയും പദവിയും ബഹുമാനവും കൈവന്നിട്ടും വിനയത്തിന്റെയും പ്രതിഭയുടേയും അപൂര്‍വ്വ സംഗമമായി ശ്രീനിവാസ് ലോകത്തിന് വിസ്മയമമായി മാറി.
പ്രശസ്തിയേറുംതോറും സാധാരണക്കാരില്‍ നിന്നും അകന്ന് സ്വയം സിംഹാസനം പണിത് അതില്‍ കയറി കാലിന്‍മേല്‍ കാലും കയറ്റിയിരുന്ന് പ്രതിഭാ കിരീടം സ്വയം അണിയുന്ന പ്രാദേശിക, ദേശീയ കലാകാരസിംഹങ്ങള്‍ക്ക് ഒരു മാതൃകയായിരുന്നു ഇദ്ദേഹം.
സാമ്പത്തിക ക്ളേശത്തില്‍പെട്ട് പഠിക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണത്തോടും അഗതികള്‍ക്കുള്ള അന്നദാനത്തോടും കൂടിയായിരുന്നു അദ്ദേഹം തന്റെ സംഗീതജീവിതത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്
.
അതുകൊണ്ട് തന്നെ 1998 ല്‍ പത്മശ്രീ യും 2010 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും നല്‍കി രാജ്യം ഇദ്ദേഹത്തിന്റെ സംഗീതസപര്യയേ ആദരിച്ചതില്‍ ഒട്ടും തന്നെ സംശയമില്ല. അതൊക്കെ അദ്ദേഹത്തിന്റെ സപര്യയയുടെ കിരീടത്തിലെ പൊന്മുത്തുകളായി തുടരുക തന്നെ ചെയ്യും.
ഇന്നിപ്പോള്‍ അപ്രതീക്ഷിതമായി ആ സംഗീത നക്ഷത്രം മറയുമ്പോള്‍ ഭാരത സംഗീതത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചില നഷ്ടങ്ങള്‍ ഇങ്ങനെയാണ്. അവയുണ്ടാക്കുന്ന വിടവുകള്‍ നികത്താന്‍ കാലത്തിനുപോലും കഴിയുകയില്ല. കാലം ഏതുമുറിവും ഉണക്കുന്ന പ്രവാഹമാണെന്നതിന് ഇവിടെ വിമത ശബ്ദം ഉയരുകയും ചെയ്യുന്നു.