സുബോധ് കുമാര്‍ മരിച്ചത് തലയ്‌ക്ക് വെടിയേറ്റ്; കലാപം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട് - ബജ്റംഗദള്‍ ജില്ലാ നേതാവ് അടക്കം അഞ്ച് പേര്‍ അറസ്‌റ്റില്‍
സുബോധ് കുമാര്‍ മരിച്ചത് തലയ്‌ക്ക് വെടിയേറ്റ്; കലാപം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട് - ബജ്റംഗദള്‍ ജില്ലാ നേതാവ് അടക്കം അഞ്ച് പേര്‍ അറസ്‌റ്റില്‍
ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. തലയ്‌ക്ക് വെടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്.
സംഭവത്തില്‍ ബജ്റംഗദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ് അടക്കം അഞ്ചു പേര്‍ അറസ്‌റ്റിലായി. സെക്ഷന്‍ 302,307 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലു പേര്‍ കസ്‌റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്.
യോഗേഷ് രാജിന് പുറമെ അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ ബിജെപി യൂത്ത് വിംഗ് അംഗമായ ശിഖര്‍ അഗര്‍വാള്‍, വിഎച്ച്പി നേതാവ് ഉപേന്ദ്ര യാദവ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തിന് നേരിട്ട് നേതൃത്വം നല്‍കിയ ഇവര്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കലാപം നടത്തിയതിനും കേസെടുത്തു.
കലാപത്തിന് പിന്നില്‍ ബജ്റംഗദള്‍, ബിജെപി, വിഎച്ച്പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണെന്നും പൊലീസ് വ്യക്തമാക്കി. തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
പശുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും പൊലീസിന് നേരെയുണ്ടായ അതിക്രമങ്ങളിലുമായി ബന്ധപ്പെട്ട് രണ്ട് എഫ് ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുക്കുന്നത്.
ഇതോടെ ദാദ്രിയില്‍ 2015ലുണ്ടായ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സുബോദ് സിംഗിനെ കൊലപ്പെടുത്താന്‍ കലാപം ആസൂത്രണം ചെയ്തതാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.