ബിജെപി തനിക്ക് ‘അമ്മ’യെപ്പോലെ: വെങ്കയ്യ നായിഡു
ബി ജെ പി തനിക്ക് ‘അമ്മ’യെപ്പോലെയാണെന്ന് വെങ്കയ്യ നായിഡു
താന്‍ വിശ്വസിക്കുന്ന തന്റെ പാര്‍ട്ടിയായ ബി ജെ പി തനിക്ക് അമ്മയെപ്പോലെയാണെന്ന് ബി ജെ പി നേതാവ് വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്ന യോഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
തന്റെ പദവികള്‍ രാജിവച്ചതിന് ശേഷമാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ താന്‍ ബി ജെ പിയുടെ ഭാഗമല്ലെന്നും ഉപരാഷ്ട്രപദത്തിലെത്തിയാല്‍ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കരഞ്ഞുകൊണ്ടാണ് വെങ്കയ്യ നാഡിയു സംസാരിച്ചത്.
വികാരാധീനനായ അദ്ദേഹത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആശ്വസിപ്പിക്കാനെത്തി. ‘എനിക്ക് ഒന്നര വയസു പ്രായമായപ്പോള്‍ തന്നെ അമ്മയെ നഷ്ടമായി. പിന്നീട് എന്റെ പാര്‍ട്ടിയെയാണ് അമ്മയായി കണ്ടത്. അതാണ് എന്നെ വളര്‍ത്തി വലുതാക്കിയത്. പാര്‍ട്ടി വിടുകയെന്നത് വേദനാജനകമാണ്. അതുകൊണ്ടാണ് ഞാന്‍ വികാരാധീനനായത്.’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
എന്‍ ഡി എ തന്നെ ഉപരാഷ്ട്രപതിയായി കണ്ടെത്തിയത് ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരമോന്നതമായ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അതു ഒരു അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി തുടരണമെന്ന് ആഗ്രഹിച്ചു എന്നത് തെറ്റാണ്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.