തുടർച്ചയായ മൂന്നാം തവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിറകെ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വ്യാജവാർത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിടുക എന്നതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുളളിൽ 34 കേസുകളാണ് സംസ്ഥാനത്ത് റിപ്പൊർട്ട് ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട് 21 പേരാണ് ഇതുവരെ അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ 550 വ്യാജ പോസ്റ്റുകൾ തിരിച്ചറിഞ്ഞതായി ബംഗാൾ പോലീസ് പറയുന്നു. തിരെഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇവയിൽ ഏറെയും. ബിജെപിയോ ബിജെപിയെ പിന്തുണക്കുന്ന സംഘടനകളോ ആണ് ഈ പോസ്റ്റുകൾക്ക് പുറകിലെന്നാണ് പോലീസ് പറയുന്നത്.
ബിജെപി നേതാക്കളായ സുവേന്ദു അധികാരി, കൈലാഷ് വിജയ് വർഗിയ, അഗ്നിമിത്ര പോൾ എന്നിവർക്കെതിരേയും അഭിനേത്രി കങ്കണ റണാവത്തിനെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അതേസമയം ബംഗാളിൽ തിരെഞ്ഞെടുക്കപ്പെട്ട 77 എംഎൽഎമാർക്കും കേന്ദ്രം സുരക്ഷ ഏർപ്പെടുത്തി. 77 പേരിൽ 61 പേർക്കും എക്സ് കാറ്റഗറിയുളള സുരക്ഷയാണ് നൽകുന്നത് മറ്റുളളവർക്ക് വൈ കാറ്റഗറിയിലുള്ള സുരക്ഷ നൽകും.സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറിയിലുളള സുരക്ഷയാണുള്ളത്.