'എന്താ വൃത്തി കൂടിപ്പോയോ'; എസി കോച്ചിലെ കമ്പിളി പുതപ്പ് മാസത്തില്‍ ഒരിക്കലേ കഴുകാറുള്ളൂവെന്ന് ഇന്ത്യന്‍ റെയില്‍വെ
യാത്രക്കാര്‍ക്കു നല്‍കുന്ന ലിനന്‍ (വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിനു ശേഷവും കഴുകാറുണ്ട്
കൂടുതല്‍ സുരക്ഷിതവും വൃത്തിയുള്ള ചുറ്റുപാടിലും ആകാനാണ് ചെലവ് അല്‍പ്പം കൂടിയാലും നമ്മള്‍ ട്രെയിനില്‍ എസി കോച്ച് യാത്ര തിരഞ്ഞെടുക്കുന്നത്. എന്നാല്‍ എസി കോച്ച് യാത്രയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന കമ്പിളി പുതപ്പ് മാസത്തില്‍ ഒരിക്കല്‍ മാത്രമേ കഴുകാറുള്ളൂവെന്നാണ് ഇന്ത്യന്‍ റെയില്‍വെ പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഇന്ത്യന്‍ റെയില്‍വെ ഇക്കാര്യം വെളിപ്പെടുത്തിയത്.
യാത്രക്കാര്‍ക്കു നല്‍കുന്ന ലിനന്‍ (വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിനു ശേഷവും കഴുകാറുണ്ട്. എന്നാല്‍ കമ്പിളി പുതപ്പ് മാസത്തില്‍ ഒരിക്കലാണ് കഴുകുന്നത്. കറയോ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ മാത്രമേ ഒന്നില്‍ കൂടുതല്‍ തവണ കമ്പിളി പുതപ്പ് കഴുകാറുള്ളൂവെന്നും ഇന്ത്യന്‍ റെയില്‍വെയുടെ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.
' കമ്പിളി പുതപ്പ് മാസത്തില്‍ രണ്ട് തവണയെങ്കിലും കഴുകേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായാല്‍ മാത്രമേ ഇത് സാധ്യമാകൂ. മാസത്തില്‍ ഒരു തവണയെങ്കിലും കമ്പിളി പുതപ്പ് കഴുകാറുണ്ട്,' ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. മാസത്തിലൊരിക്കല്‍ മാത്രമേ കമ്പിളി പുതപ്പുകള്‍ കഴുകാറുള്ളൂവെന്ന് വിവിധ ദീര്‍ഘദൂര ട്രെയിനുകളിലെ ഇരുപതോളം ഹൗസ് കീപ്പിങ് സ്റ്റാഫുകള്‍ തങ്ങളോടു പ്രതികരിച്ചതായും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
എസി കോച്ചില്‍ നല്‍കുന്ന പുതപ്പുകള്‍, കിടക്ക വിരികള്‍, തലയിണ കവറുകള്‍ എന്നിവയ്ക്കു യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടോ എന്ന ചോദ്യത്തിനു ഇതെല്ലാം ട്രെയിന്‍ നിരക്ക് പാക്കേജിന്റെ ഭാഗമാണെന്നാണ് റെയില്‍വെ നല്‍കിയിരിക്കുന്ന മറുപടി.