Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗ, സംസ്കാരം കോഴ്സ് തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ജെ എന്‍ യു തള്ളി

യോഗ, സംസ്കാരം കോഴ്സ് തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ജെ എന്‍ യു തള്ളി
ന്യൂഡല്‍ഹി , ഞായര്‍, 1 നവം‌ബര്‍ 2015 (17:36 IST)
യോഗയും സംസ്കാരവും കോഴ്സ് തുടങ്ങാനുള്ള നിര്‍ദ്ദേശം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല തള്ളി. സര്‍വ്വകലാശാലയുടെ അക്കാദമിക് കൌണ്‍സിലാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും യു ജി സിയുമായി ആലോചിച്ച് ഭരണസമിതി മുന്നോട്ടുവെച്ച നിര്‍ദ്ദേശം തള്ളിയത്.
 
മൂന്നു ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശമാണ് തള്ളിയത്. ഇന്ത്യന്‍ സംസ്കാരവും യോഗയും എന്ന പേരില്‍ ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങാനായിരുന്നു നിര്‍ദ്ദേശം. ആര്‍ എസ് എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിനു മുന്നില്‍ ഭാരതീയസംസ്കാരത്തെയും ആത്മീയപാരമ്പര്യത്തെയും ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു കോഴ്സുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്കിയത്.
 
എന്നാല്‍, മാനവവിഭവശേഷി മന്ത്രാലയവും യു ജി സിയുമായി ആലോചിച്ച് വാഴ്സിറ്റി ഭരണസമിതി മുന്നോട്ടു വെച്ച നിര്‍ദ്ദേശം സര്‍വ്വകലാശാലയുടെ അന്തിമതീരുമാന സമിതിയായ അക്കാദമിക് കൌണ്‍സില്‍ തള്ളുകയായിരുന്നു. മേല്പറഞ്ഞ വിഷയങ്ങളില്‍ മൂന്നു ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കണം എന്നായിരുന്നു നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നത്. വിദ്യാഭ്യാസമേഖലയില്‍ കാവിവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സമയത്താണ് മാനവവിഭവശേഷി മന്ത്രാലയത്തിന് ഇത്തരമൊരു തിരിച്ചടി ലഭിക്കുന്നത്.
 
നേരത്തെ, സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കിയത് നിരവധി പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പ്രധാനമായും മുസ്ലിം സംഘടനകള്‍ ആയിരുന്നു ഇതിനെതിരെ രംഗത്തെത്തിയിരുന്നത്. കൂടാതെ, ഹരിയാനയില്‍ സ്കൂളുകളില്‍ ഭഗവത്‌ഗീത പഠനം നിര്‍ബന്ധമാക്കുമെന്ന സംസ്ഥാന ബി ജെ പി സര്‍ക്കാരിന്റെ തീരുമാനവും നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടയില്‍ ജെ എന്‍ യുവിന്റെ ഭരണസമിതിയുടെ ഉറച്ച തീരുമാനം ബി ജെ പിക്ക് ഒപ്പം തന്നെ ആര്‍ എസ് എസിനും തിരിച്ചടിയാണ്.

Share this Story:

Follow Webdunia malayalam