അയോധ്യയിൽ ഉയരുന്ന രാമക്ഷേത്ര നിർമാണത്തിൽ അസന്തുഷ്ടരായ പ്രതിപക്ഷ പാർട്ടിക്കാർ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്താൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസർക്കാരിനെതിരെ തലസ്ഥാന നഗരിയിൽ നടക്കുന്ന കർഷകസമരങ്ങളെ പരാമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഏക ഭാരതവും ശ്രേഷ്ഠഭാരതവും ആകുന്നതിലുള്ള ഒരു വിഭാഗം ആളുകളുടെ അസൂയയാണിത്. ആദ്യം അവർ ആവശ്യപ്പെട്ടത് താങ്ങുവിലയിൽ ഗ്യാരണ്ടി വേണമെന്നാണ് ആവശ്യപ്പെട്ടത്. അതിൽ ഒരു സംശയത്തിന് തന്നെ ഇടമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോൾ അവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ഇതിന് പിന്നിലെന്നും യോഗി പറഞ്ഞു. അതേസമയം ഇന്ത്യൻ കർഷകരെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുൻന ശ്രമങ്ങളെയും ആദിത്യനാഥ് പ്രശംസിച്ചു.