Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിസുരക്ഷാനമ്പര്‍ പ്ലേറ്റുകള്‍ വരുന്നു, ആദ്യം കേരളത്തില്‍

അതിസുരക്ഷാനമ്പര്‍ പ്ലേറ്റുകള്‍ വരുന്നു, ആദ്യം കേരളത്തില്‍
ന്യൂഡല്‍ഹി , ശനി, 14 ഓഗസ്റ്റ് 2010 (10:48 IST)
വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന നടപടി തുടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടു മാസത്തിനകം നടപടി തുടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേരളത്തില്‍ ആദ്യം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലായിരിക്കും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുക.

ഇതിനുള്ള ടെന്‍ഡര്‍ രണ്ടുമാസത്തിനകം തുടങ്ങാനാണ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്. മറ്റു നഗരങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘട്ടംഘട്ടമായി ഏര്‍പ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് മനീന്ദര്‍ജിത് സിംഗ് ബിട്ട 2008ല്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികളുടെ ഭാഗമായാണ് സുപ്രീം കോടതിയുടെ ഈ നിര്‍ദേശം.

കേരളത്തില്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ 600 കോടി രൂപ ചെലവുവരുമെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ ജി പ്രകാശ് കോടതിയെ അറിയിച്ചു. ഇത് വാഹന ഉടമകളില്‍നിന്നുതന്നെ പിരിച്ചെടുക്കേണ്ടിവരും.

നാലുചക്ര വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് 1600 രൂപയും ഇരു ചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും 750 രൂപയും ചെലവുവരും. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മിക്കുന്ന ഒന്നോ രണ്ടോ കമ്പനികള്‍ മാത്രമേ രാജ്യത്തുള്ളൂ. ഇത്രയധികം ഭാരം ഉപഭോക്താക്കളെ അടിച്ചേല്പിക്കാന്‍ താത്പര്യമില്ലെന്ന് കേരളം കോടതിയില്‍ വ്യക്തമാക്കി.

ഇതിന്‍രെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 19ന് കേന്ദ്രസര്‍ക്കാറിന് നല്‍കിയ കത്തില്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു.

Share this Story:

Follow Webdunia malayalam