ആ പെണ്‍കുട്ടി രാത്രി പുറത്തിറങ്ങിയിട്ടല്ലേ, എന്തിന് രാത്രിയില്‍ ഇറങ്ങിനടക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി ഉപാധ്യക്ഷന്‍
പെണ്‍കുട്ടികള്‍ എന്തിന് രാത്രിയില്‍ ഇറങ്ങിനടക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി ഉപാധ്യക്ഷന്‍
ഹരിയാനയില്‍ ഐഎഎസ് ഓഫീസറുടെ മകളെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് വികാസ് ബരേല പിന്തുടര്ന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി ഹരിയാന ബി.ജെ.പി വൈസ് പ്രസിഡന്റ് രാംവീര് ഭട്ടി.
രാത്രി12 മണിക്കാണ് ആ പെണ്‍കുട്ടി പുറത്തിറങ്ങിയത് എന്തിന് വേണ്ടിയാണ് ഇത്രയും വൈകി അവര്‍ വാഹനം എടുത്ത് പുറത്തിറങ്ങിയത്. അത്തരമൊരു അന്തരീക്ഷം ഒരിക്കലും നന്നായിരിക്കില്ല. നമ്മുടെ സുരക്ഷിതത്വം നോക്കേണ്ടത് നമ്മള് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഭട്ടി.
തന്റെ മക്കളെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. അര്‍ധരാത്രി മകളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ തയ്യാറാവരുതായിരുന്നു. വീട്ടില്‍ അവര്‍ കൃത്യമായി തിരിച്ചെത്തുന്നു എന്ന് ഉറപ്പുവരുത്തണമായിരുന്നെന്നും ഭട്ടി പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായാണ് പുതിയ റിപ്പോര്‍ട്ട്.
ഐഎഎസ് ഓഫീസറുടെ മകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെ പരാതിയില്‍ ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകനും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരളയുടെ മകന് വികാസ് ബരളയെയാണ് ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ വിട്ടയക്കുകയും ചെയ്തു.