ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വരുന്ന വാഹനത്തില്‍ എന്ത്? - കാര്യമറിഞ്ഞാല്‍ ചിരിക്കരുത്!
തമാശയല്ല, ട്രോളുമല്ല! - ചിരിക്കാന്‍ വകയുണ്ട്, പക്ഷേ...
ആയുധധാരികളായ കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വരുന്ന ട്രക്കില്‍ നിറയെ തക്കാളി. വില്‍ക്കാന്‍ വച്ചിരിക്കുന്ന തെരുവിലും സുരക്ഷ. ചുരുക്കി പറഞ്ഞാല്‍ തക്കാളിയുടെ തലങ്ങും വിലങ്ങും സുരക്ഷാ ഉദ്യോഗസ്ഥര്‍!. കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ചിരി വരുന്ന കാര്യമാണ്.
ഇത് തമാശയോ ട്രോളോ അല്ല, ഇന്‍ഡോറിലെ തെരുവുകളില്‍ കാണുന്ന കാഴ്ചയാണ്. ക്രമാതീതമായി ഉയര്‍ന്നു വരുന്ന തക്കാളിയുടെ വിലയാണ് ഈ പ്രതിസന്ധിക്ക് കാരണം. പൊന്നുംവിലയുള്ള ഉള്ളിയായിരുന്നു കഴിഞ്ഞ തവണത്തെ ‘വിഐപി’ എങ്കില്‍ ഇത്തവണ അത് തക്കാളി ആണ്.
വില കൂടിയതോടെ കടകളില്‍ നിന്നും തക്കാളികള്‍ മോഷ്ടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ നിരവധിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് തക്കാളിക്ക് സുരക്ഷ നല്‍കിയത്. അതേസമയം മധ്യപ്രദേശില്‍ അനേകം കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളിയാണ് റോഡുകളില്‍ തള്ളിയത്. ഉല്‍പ്പാദനം വര്‍ധിച്ചതിനെ തുടര്‍ന്ന് കിലോയ്ക്ക് ഒരു രൂപ എന്ന തരത്തില്‍ തക്കാളിക്ക് വില കുറഞ്ഞതാണ് ഇതിന് കാരണം.
ഇന്‍ഡോറില്‍ ഏറ്റവും വിലയേറിയ പച്ചക്കറി ഉല്‍പ്പന്നം തക്കാളിയാണ്. ദേവി അഹില്യ ബായ് ഹോല്‍ക്കര്‍ എന്ന പച്ചക്കറി മാര്‍ക്കറ്റിലാണ് ഉയര്‍ന്ന വിലയായതിനെ തുടര്‍ന്ന് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്. കിലോഗ്രാമിനു നൂറു രൂപ വരെയാണ് ചിലയിടങ്ങളില്‍ തക്കാളിയുടെ വില.